തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രകൃതിക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ നാളെയും വരും ദിവസങ്ങളിലും നടത്താനിരുന്ന വിവിധ പൊതുപരീക്ഷകളും സർവ്വകലാശാലാ പരീക്ഷകളും മാറ്റിവെച്ചു.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് പരീക്ഷകൾ മാറ്റിവെക്കാൻ അതത് ബോർഡുകളും സർവ്വകലാശാലകളും തീരുമാനമെടുത്തത്.
പരീക്ഷാ മാറ്റങ്ങളും പ്രധാന അറിയിപ്പുകളും
-
സെറ്റ് (SET) പരീക്ഷ മാറ്റിവെച്ചു: നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷയായ ‘സെറ്റ്’ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി: നാളെ (ആഗസ്റ്റ് 2) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.
-
എംജി സർവ്വകലാശാല: തിങ്കളാഴ്ച (ആഗസ്റ്റ് 3) നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സർവ്വകലാശാല മാറ്റിവെച്ചിട്ടുണ്ട്.
പിഎസ്‌സി പരീക്ഷകൾ: ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി പുനഃപരീക്ഷാ അവസരം
കനത്ത മഴ മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) അറിയിച്ചു.
-
പത്താം തരം പൊതുപ്രാഥമിക പരീക്ഷ: മഴയും വെള്ളക്കെട്ടും കാരണം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ആഗസ്റ്റ് 22-ന് നടക്കുന്ന അവസാന ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകും. ഇതിനായി പിഎസ്‌സി പുറപ്പെടുവിക്കുന്ന പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
-
കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു: വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്‌തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്‌തികയിലേക്ക് 2026 ഓഗസ്റ്റ് 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
