തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും കാറ്റും കടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലക്കേർപ്പെടുത്തി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ടാകും.
വിവിധ സമുദ്രമേഖലകളിലെ ജാഗ്രതാ നിർദ്ദേശം (ഓഗസ്റ്റ് 3 – 7):
അറബിക്കടലിലെ സാഹചര്യം:
ഓഗസ്റ്റ് 3: സോമാലിയ – ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ/തെക്ക് പടിഞ്ഞാറൻ/മധ്യ കിഴക്കൻ/വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചിലപ്പോൾ 65 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
ഓഗസ്റ്റ് 4, 5, 6, 7: മുകളിൽ പറഞ്ഞ തീരങ്ങളിലും വടക്കൻ അറബിക്കടലിലും ഇതേ വേഗതയിൽ (45–65 കി.മീ) ശക്തമായ കാറ്റ് തുടരും.
ബംഗാൾ ഉൾക്കടലും അനുബന്ധ പ്രദേശങ്ങളും:
ഓഗസ്റ്റ് 3, 4: തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഓഗസ്റ്റ് 5, 6: തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത.
ഓഗസ്റ്റ് 7: തെക്കൻ ശ്രീലങ്കൻ തീരത്തിന് പുറമെ മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.
അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
