2019-ൽ പുറത്തിറങ്ങി ആഗോളതലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും വൻ പ്രശംസ പിടിച്ചുപറ്റിയ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ പുതിയ സിനിമയുമായി തിരിച്ചെത്തുന്നു. യുവതാരം നസ്ലൻ നായകനായി എത്തുന്ന പുതിയ ചിത്രം ഡോക്ടർ അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അനന്തുവും സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.
മലയാള സിനിമയിൽ വിജയചിത്രങ്ങളുടെ ഭാഗമായി മാറിയ നസ്ലനും, നവാഗത ചിത്രത്തിലൂടെത്തന്നെ ഇൻഡസ്ട്രിയിൽ വലിയ കയ്യടി നേടിയ മധു സി. നാരായണനും ഒന്നിക്കുമ്പോൾ മികച്ചൊരു ചലച്ചിത്രാനുഭവം തന്നെ പ്രതീക്ഷിക്കാമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേരും മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ബേസിൽ ജോസഫുമായി കൈകോർത്ത് നിർമ്മിച്ച ‘അതിരടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വൻകിട പ്രോജക്റ്റുകളുമായാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് എത്തുന്നത്. ‘കരിക്ക്’ ടീം ആദ്യമായി ഒരുക്കുന്ന ചിത്രം, ഷിഫ്ന ബബിൻ പാക്കർ സംവിധാനം ചെയ്യുന്ന ’40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്നിവയാണ് നിർമ്മാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
