മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവർ മൊബൈൽ ഫോൺ റീച്ചാർജ് നിരക്കുകൾ വീണ്ടും കൂട്ടാൻ ഒരുങ്ങുന്നു. അടുത്ത നാല് മാസത്തിനുള്ളിൽ നിരക്കുകളിൽ വർദ്ധനവുണ്ടായേക്കുമെന്നാണ് സെൻട്രൂം (Centrum) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
നിരക്കുകളിൽ പരമാവധി 15 ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിലവിൽ 349 രൂപ നൽകുന്ന 28 ദിവസത്തെ റീച്ചാർജ് പ്ലാനിന് ഏകദേശം 389 രൂപയായി ഉയർന്നേക്കും. 899 രൂപയുടെ പ്ലാനിന് 1,007 രൂപയും 3,599 രൂപയുടെ വാർഷിക പ്ലാനിന് 4,031 രൂപ വരേയും നൽകേണ്ടി വന്നേക്കും.
TRAI കണക്കുകൾ: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കിയത് ഭാരതി എയർടെല്ലാണ്. ജിയോയെയും വോഡഫോൺ ഐഡിയയെയും പിന്നിലാക്കിയാണ് എയർടെൽ ഈ നേട്ടം കൈവരിച്ചത്.
ജൂണിൽ എയർടെൽ 2.98 മില്യൺ പുതിയ വയർലെസ് ഉപഭോക്താക്കളെ കൂടെക്കൂട്ടിയപ്പോൾ ജിയോയ്ക്ക് 2.14 മില്യൺ ഉപഭോക്താക്കളെ മാത്രമാണ് കൂട്ടിച്ചേർക്കാൻ സാധിച്ചത്.
