വാഷിങ്ടൺ: അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെയും നയതന്ത്ര സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി അഞ്ച് രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യു.എസ് കോൺഗ്രസിന് നിർദേശം കൈമാറിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യു.എസ് നയതന്ത്ര ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നായാണ് ഈ തീരുമാനത്തെ വിദഗ്ധർ കാണുന്നത്.
അടച്ചുപൂട്ടാൻ തീരുമാനിച്ച പ്രമുഖ മിഷനുകൾ
-
കാനഡ: വിന്നിപെഗിലെ കോൺസുലേറ്റ്
-
ജപ്പാൻ: നഗോയയിലെ കോൺസുലേറ്റ്
-
ഇന്തോനേഷ്യ: മേദാനിലെ കോൺസുലേറ്റ്
-
ഗ്രനേഡ: യു.എസ് എംബസി
-
കാമറൂൺ: എംബസി ബ്രാഞ്ച് ഓഫീസ്
പ്രത്യേക ഭൗമരാഷ്ട്രീയ പ്രതിസന്ധികളൊന്നും നിലവിലില്ലാത്ത ചെറിയ നയതന്ത്ര കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ഈ തീരുമാനമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താക്കൾ അറിയിച്ചു.
അതേസമയം, ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും മുൻ നയതന്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ അമേരിക്കയുടെ സ്വാധീനം കുറയാൻ ഇത് കാരണമാകുമെന്നും, അമേരിക്ക പിന്മാറുന്ന ഒഴിവിലേക്ക് ചൈനയെപ്പോലുള്ള പ്രതിയോഗി രാജ്യങ്ങൾ സ്വാധീനം ഉറപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
