തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഡെയർഡെവിൾസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അജിത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ ശാലിനിയാണ്. ‘ബ്രേവ്‌ഹാർട്സ് പ്രൊഡക്ഷൻസിന്റെ’ (Bravehearts Productions) ബാനറിലാണ് ശാലിനി ഈ ചിത്രം നിർമ്മിക്കുന്നത്. റേസിംഗിൽ സജീവമായിരുന്ന അജിത്, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
‘ഗുഡ് ബാഡ് അഗ്ലി’ എന്ന വൻ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രനും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഡെയർഡെവിൾസ്’. ആദിക് രവിചന്ദ്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.
ആദിക് രവിചന്ദ്രൻ തന്നെ സംവിധാനം ചെയ്ത അജിത്തിന്റെ ആക്ഷൻ കോമഡി ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. 212 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. തൃഷ നായികയായ ചിത്രത്തിൽ പ്രഭു, അർജുൻ ദാസ്, പ്രസന്ന, സുനിൽ, രാഹുൽ ദേവ്, ഷൈൻ ടോം ചാക്കോ, പ്രിയ പ്രകാശ് വാര്യർ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
