തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. അതേസമയം, കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണ് അവധി നൽകിയിരിക്കുന്നത്.
ജില്ലകളിലെ അവധി നിബന്ധനകൾ
-
ആലപ്പുഴ: പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ ഉത്തരവിറക്കി.
-
കാസർഗോഡ്: കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മതബോധന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രദേശികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കാസർഗോഡ് കാറ്റോടു കൂടിയ കനത്ത മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിലുണ്ട്.
