കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയിലും, പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയിലും കുറവ് വന്നിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയും, പവന് 86,760 രൂപയുമാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയും യു.എസ് ഡാറ്റയും
സംസ്ഥാനത്ത് വില കുറഞ്ഞെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിയ വിലവർധനവ് പ്രകടമാണ്. സ്പോട്ട് ഗോൾഡ് വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 4,059.81 ഡോളറിലെത്തി. നിക്ഷേപകർ ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് ലേബർ മാർക്കറ്റ് വിവരങ്ങൾക്കായാണ് (US Labor Market Data) കാത്തിരിക്കുന്നത്. ഈ വിവരങ്ങൾ വരുംദിവസങ്ങളിലെ സ്വര്ണവിലയെ നിർണായകമായി സ്വാധീനിക്കും.
ട്രംപിന്റെ ഭീഷണിയും പണപ്പെരുപ്പ ആശങ്കയും
ഇറാന് നേരെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും ആക്രമണ ഭീഷണി മുഴക്കിയത് വരും ദിവസങ്ങളിൽ വിപണിയെ കലുഷിതമാക്കാൻ സാധ്യതയുണ്ട്. ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് അവകാശപ്പെട്ടപ്പോൾ, തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ആഗോള വിപണിയിലുണ്ട്. സംഘർഷം രൂക്ഷമായാൽ എണ്ണവില കുത്തനെ ഉയരാനും അത് പണപ്പെരുപ്പത്തിലേക്ക് നയിക്കാനും ഇടയാക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇത്തരം സാഹചര്യങ്ങൾ വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയർത്താൻ കാരണമായേക്കും.
