മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ‘തുടക്കം’. ‘2018’ എന്ന വൻ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും വലിയ പ്രീ-റിലീസ് പ്രതീക്ഷകളോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ കൂടി എത്തിയതോടെ സിനിമാപ്രേമികളുടെ പ്രതീക്ഷകൾ ഇരട്ടിയാവുകയായിരുന്നു.
ആദ്യ ഷോകൾ പൂർത്തിയാകുമ്പോൾ പ്രേക്ഷകരുടെ ഈ ഉയർന്ന പ്രതീക്ഷകളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മൊത്തത്തിൽ മികച്ച പോസിറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ഉയർന്നുവരുന്നത്. ആദ്യ പകുതി തികഞ്ഞ ത്രില്ലർ മൂഡിൽ സഞ്ചരിക്കുമ്പോൾ, രണ്ടാം പകുതി മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്നു എന്നാണ് കണ്ടിറങ്ങിയവർ വ്യക്തമാക്കുന്നത്.
തന്റെ കന്നി ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് വിസ്മയ കാഴ്ചവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിലെ വിസ്മയയുടെ മികവ് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ മികച്ചവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണിതെന്നും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒന്നാണെന്നുമാണ് ആദ്യ റിവ്യൂകൾ വ്യക്തമാക്കുന്നത്.
പോസിറ്റീവ് അഭിപ്രായങ്ങൾ നിരന്തരം പുറത്തുവരുന്നതോടെ ഇനിയുള്ള ഷോകളിലേക്കുള്ള ബുക്കിംഗിൽ വൻ വർദ്ധനവുണ്ടാകുമെന്ന് ഉറപ്പാണ്. ഓണച്ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുൻപുള്ള ഈ ഇടവേളയിൽ മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആയി മാറാനുള്ള സാധ്യതകളിലേക്കാണ് ‘തുടക്കം’ വഴിതുറക്കുന്നത്.
