ധരിച്ച വസ്ത്രത്തിന്റെ നിറത്തെക്കുറിച്ച് വിചിത്രമായ ചോദ്യം ഉന്നയിച്ച യൂട്യൂബർക്ക് തക്കതായ മറുപടി നൽകി നടി പ്രിയാ വാര്യർ. താൻ ബ്രാൻഡ് അംബാസിഡറായ ഒരു ഉൽപ്പന്നത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കവെയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ബ്രാന്റിന്റെ ഔദ്യോഗിക നിറമായ കാവി (ഓറഞ്ച്) നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം വേദിയിലെത്തിയത്.
പരിപാടിക്കിടെ വേദിയിലിരുന്ന താരത്തോട് ഈ നിറം തിരഞ്ഞെടുക്കാനുള്ള കാരണമെന്താണെന്നായിരുന്നു ഒരു യൂട്യൂബറുടെ ചോദ്യം. കേരളത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതുകൊണ്ടാണോ ഈ വസ്ത്രം ധരിച്ചതെന്ന തരത്തിലുള്ള ചോദ്യം കേട്ട് താരം ആദ്യം അല്പം അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാൽ ‘എന്റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ട് തികഞ്ഞ പക്വതയോടെയും ബോൾഡായും പ്രിയ മറുപടി നൽകി. വർഷങ്ങളായി ഈ ബ്രാന്റിന്റെ ഔദ്യോഗിക നിറം കാവി ആണെന്നും, ആ ബ്രാന്റുമായി ഇണങ്ങിനിൽക്കാനാണ് താൻ ഈ വസ്ത്രം തിരഞ്ഞെടുത്തതെന്നുമായിരുന്നു താരത്തിന്റെ വ്യക്തമായ വിശദീകരണം.
യൂട്യൂബറുടെ അനാവശ്യമായ ചോദ്യവും അതിന് പ്രിയ നൽകിയ കിടിലൻ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. യൂട്യൂബറുടെ ചോദ്യം അൽപ്പം കടന്നുപോയെന്നും എന്നാൽ ആ സാഹചര്യത്തെ നടി വളരെ പക്വതയോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടെന്നുമൊക്കെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
