ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. പലരും പുതിയ ഫോണുകൾ വാങ്ങാൻ താല്പര്യപ്പെടുമ്പോൾ, പണം ലാഭിക്കാനായി സെക്കൻഡ് ഹാൻഡ് (Pre-owned) ഫോണുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. എന്നാൽ, കൃത്യമായ പരിശോധനകൾ നടത്താതെ മറ്റൊരാൾ ഉപയോഗിച്ച ഫോൺ വാങ്ങുന്നത് കടുത്ത സാമ്പത്തിക നഷ്ടത്തിനോ ഗുരുതരമായ സൈബർ സുരക്ഷാ ഭീഷണികൾക്കോ കാരണമായേക്കുമെന്ന് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പഴയൊരു ഫോൺ സ്വന്തമാക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
1. വാറന്റി സ്റ്റാറ്റസ് പരിശോധിക്കുക
സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നതിന് മുൻപ് അതിന് നിലവിൽ വാറന്റി ബാക്കിയുണ്ടോ എന്ന് ഉറപ്പുവരുത്തുക. സാധുവായ വാറന്റി അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹാർഡ്വെയർ റിപ്പയർ ചെലവുകളിൽ നിന്ന് സംരക്ഷണം നൽകും. കൂടാതെ, ഫോണിന്റെ ഒറിജിനൽ ഇൻവോയ്സോ വാറന്റി പ്രൂഫോ വൽപ്പനക്കാരനിൽ നിന്ന് ചോദിച്ചുവാങ്ങാനും ശ്രദ്ധിക്കുക.
2. വാങ്ങിയ ഉടൻ ‘ഫാക്ടറി റീസെറ്റ്’ ചെയ്യുക
ഫോൺ കൈയ്യിൽ കിട്ടിയ ഉടൻ തന്നെ ഫാക്ടറി റീസെറ്റ് (Factory Reset) ചെയ്യണം. ഇതുവഴി മുൻ ഉടമയുടെ വിവരങ്ങൾ, മറഞ്ഞിരിക്കുന്ന സ്പൈ ആപ്പുകൾ, മാൽവെയറുകൾ എന്നിവ പൂർണ്ണമായി ഒഴിവാക്കി ഫോൺ സുരക്ഷിതമാക്കാൻ സാധിക്കും. ഫോൺ സെറ്റിങ്സിലെ ‘Factory Data Reset’ ഓപ്ഷൻ ഇതിനായി ഉപയോഗിക്കാം.
3. ഡാറ്റ സുരക്ഷാ അപകടങ്ങൾ തിരിച്ചറിയുക
പഴയ ഫോണുകളിൽ അവശേഷിക്കുന്ന ഡാറ്റ, സ്പൈ ആപ്പുകൾ, അനധികൃത ആക്സസ് സാധ്യതകൾ എന്നിവ ഒളിഞ്ഞിരിപ്പുണ്ടാകാം. റീസെറ്റ് ചെയ്ത ശേഷം ഫോൺ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുകയും ഔദ്യോഗിക ഉറവിടങ്ങളിൽ (Play Store/App Store) നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക.
4. ഫിസിക്കൽ കണ്ടീഷൻ നേരിട്ട് പരിശോധിക്കുക
നേരിട്ട് കണ്ട് പരിശോധിക്കാതെ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങരുത്. സ്ക്രീനിലെ വിള്ളലുകൾ, ബാറ്ററിയുടെ ആരോഗ്യം, ചാർജിങ് പോർട്ടുകൾ, ബട്ടണുകൾ, ക്യാമറ, സ്പീക്കർ എന്നിവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
5. വളരെ പഴയ മോഡലുകൾ ഒഴിവാക്കാം
വില വളരെ കുറവാണെങ്കിലും കാലപ്പഴക്കമുള്ള മോഡലുകൾ തിരഞ്ഞെടുക്കരുത്. ഇത്തരത്തിലുള്ള പഴയ ഫോണുകളിൽ പുതിയ സോഫ്റ്റ്വെയർ/സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കില്ല. പ്രവർത്തനവേഗത കുറവാകുന്നതിനൊപ്പം സൈബർ ഭീഷണികൾക്കുള്ള സാധ്യതയും കൂടുതലാണ്.
ഓർത്തുവെക്കാൻ ചില മുൻകരുതലുകൾ:
ഫോണിന്റെ IMEI നമ്പർ പരിശോധിച്ച് ആധികാരികത ഉറപ്പാക്കുക.
ഉപകരണം മോഷ്ടിച്ചതോ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടതോ അല്ലെന്ന് ബോധ്യപ്പെടുക.
സിം (SIM), വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ നെറ്റ്വർക്ക് കണക്റ്റിവിറ്റികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക.
വിശ്വസനീയരായ വിൽപ്പനക്കാരിൽ നിന്നോ പ്ലാറ്റ്ഫോമുകളിൽ നിന്നോ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക.
