കോഴിക്കോട്: ജില്ലയിൽ വൻ ലഹരി-വനവിഭവ വേട്ട. കുന്ദമംഗലത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 12 കിലോ കഞ്ചാവ് കണ്ടെത്തിയപ്പോൾ, കക്കോടിയിൽ നിന്ന് ആനക്കൊമ്പ് കടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ പോലീസ്-വനംവകുപ്പ് സംഘം പിടികൂടി.
കുന്ദമംഗലത്ത് ആറ് പാക്കറ്റുകളിലാക്കി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ്, സംസ്ഥാനത്തൊട്ടാകെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധന ശക്തമായതോടെ പ്രതികൾ ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, കക്കോടിയിൽ വെച്ചാണ് ആനക്കൊമ്പ് കടത്തിയ ആറംഗ സംഘം പിടിയിലായത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശ്ശേരി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിയിലായവർ ആനക്കൊമ്പ് കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
