കോഴിക്കോട്: വരാനിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ലീഗ് പുതിയ സീസണിന് മുന്നോടിയായി മുന്നേറ്റനിര ശക്തമാക്കി ഗോകുലം കേരള എഫ്സി. പരിചയസമ്പന്നനായ ബ്രസീലിയൻ ഫോർവേഡ് ക്രിസ്ലാൻ ഹെൻറിക്ക് ഡാ സിൽവ ഡിസൂസയെയാണ് മലബാറിയൻസ് സ്വന്തമാക്കിയത്.
വിവിധ രാജ്യങ്ങളിലെ മുൻനിര ക്ലബ്ബുകൾക്കായി കളിച്ച 34-കാരനായ ക്രിസ്ലാന് അന്താരാഷ്ട്ര തലത്തിൽ വലിയ പരിചയസമ്പത്തുണ്ട്. ബ്രസീൽ, പോർച്ചുഗൽ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകൾക്കായി താരം ബൂട്ട് കെട്ടിയിട്ടുണ്ട്.
സ്വദേശമായ ബ്രസീലിൽ അത്ലറ്റിക്കോ പാരനെൻസെയ്ക്കായി കളിച്ച താരം പിന്നീട് പോർച്ചുഗലിലെ എസ് സി ബ്രാഗ, സി ഇ ടോൻഡേല എന്നീ ക്ലബ്ബുകളിലും സാന്നിധ്യമറിയിച്ചു. ബ്രാഗയ്ക്കായി യുവേഫ യൂറോപ്പ ലീഗിൽ (UEFA Europa League) അഞ്ച് മത്സരങ്ങളിൽ കളത്തിലിറങ്ങിയ ക്രിസ്ലാൻ ഒരു ഗോളും നേടിയിട്ടുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്ലൻഡ് എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായും കളിച്ച മികച്ച അനുഭവസമ്പത്തുമായാണ് താരം ഗോകുലത്തിന്റെ മുന്നേറ്റനിരയിലേക്ക് എത്തുന്നത്. ക്രിസ്ലാന്റ്റെ വരവ് പുതിയ സീസണിൽ ടീമിന്റെ ആക്രമണ നിരയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
