മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച ‘ബാച്ച്‌ലർ പാർട്ടി’ക്ക് ശേഷം അമൽ നീരദ് ഒരുക്കുന്ന മൾട്ടിസ്റ്റാറർ ചിത്രം ‘ബാച്ച്‌ലർ പാർട്ടി D’EUX’ (ബാച്ച്‌ലർ പാർട്ടി 2) റിലീസിന് ഒരുങ്ങുന്നു. ഇൻഡസ്ട്രിയിലെ വൻ താരനിര അണിനിരക്കുന്ന ചിത്രം നവംബർ 19-ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ യുവതാരങ്ങളായ നസ്‌ലെൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസിനൊപ്പം ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
-
ഛായാഗ്രഹണം: അപു പ്രഭാകർ
-
എഡിറ്റിംഗ്: വിവേക് ഹർഷൻ
-
സംഗീതം: ക്രിസ്റ്റോ സേവ്യർ
2012-ൽ പുറത്തിറങ്ങി വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ‘ബാച്ച്‌ലർ പാർട്ടി’യിൽ ആസിഫ് അലി, ഇന്ദ്രജിത്ത്, കലാഭവൻ മണി, റഹ്മാൻ, വിനായകൻ, പൃഥ്വിരാജ് തുടങ്ങി വമ്പൻ നിര തന്നെയുണ്ടായിരുന്നു. ആ നിരയിലേക്ക് പുതിയ തലമുറയിലെ മുൻനിര താരങ്ങൾ എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കിയ ‘ബൊഗൈൻവില്ല’യ്ക്ക് ലഭിച്ച മികച്ച വിജയത്തിന് ശേഷമെത്തുന്ന ചിത്രമാണിത്.
