ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെയും തമിഴക വെട്രി കഴകത്തെയും (TVK) ലക്ഷ്യമിട്ട് നടി തൃഷയെ വീണ്ടും രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴച്ച് പ്രതിപക്ഷ നേതാക്കൾ. നടിക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തി ദിവസങ്ങൾക്ക് മുൻപ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് എഐഎഡിഎംകെ മുതിർന്ന നേതാവ് ആർ.ബി. ഉദയകുമാറിന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്.
തൃഷയെ എന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നാണ് ഇപ്പോൾ ജനങ്ങൾ കാത്തിരിക്കുന്നതെന്നായിരുന്നു എഐഎഡിഎംകെ നേതാവിന്റെ പരിഹാസം. തൂത്തുക്കുടിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവേയാണ് ഉദയകുമാർ ഈ വിവാദ പരാമർശം നടത്തിയത്. സിനിമാ മേഖലയിലുള്ളവരെയും വിജയ്‌യുടെ അടുത്ത അനുയായികളെയും പുതിയ സർക്കാർ വിവിധ ഔദ്യോഗിക പദവികളിൽ നിയമിക്കുന്നതിനെ വിമർശിക്കുന്നതിനിടയിലായിരുന്നു നടിയെ ലക്ഷ്യമിട്ടുള്ള പരാമർശം.
തൃഷ ഫാൻസ് പോസ്റ്ററുകളുമായി രംഗത്ത്
എഐഎഡിഎംകെ നേതാവിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ ശക്തമായി അപലപിച്ചുകൊണ്ട് മധുരയിലുടനീളം തൃഷ ഫാൻസ് അസോസിയേഷൻ പ്രതിഷേധ പോസ്റ്ററുകൾ പതിപ്പിച്ചു. രാഷ്ട്രീയം സംസാരിക്കാൻ സ്ത്രീകളെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ വിയോജിപ്പാണ് ആരാധകർ രേഖപ്പെടുത്തിയത്.
വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി അപവാദം പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ച കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയിരുന്നു. തുടർന്ന് ടിവികെ മഹിളാ വിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും മണിക്കൂറുകൾക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.
പടരുന്ന പ്രതിഷേധം
നേരത്തെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം പരാമർശിക്കവേ തൃഷയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്ത്രീകളുടെ പേരും വ്യക്തിജീവിതവും ദുരുപയോഗം ചെയ്ത് അധിക്ഷേപിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയക്കാരുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
