കൂത്താട്ടുകുളം: മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ഓർഡിനറി ബസിലാണ് വേറിട്ട സംഭവം നടന്നത്. ബസിലെത്തിയ യാത്രക്കാരൻ ടിക്കറ്റിനായി വായിൽ കടിച്ചുപിടിച്ച ശേഷം നൽകിയ നോട്ട് സ്വീകരിക്കാൻ വനിതാ കണ്ടക്ടർ വിസമ്മതിച്ചു. ഇതിനെച്ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
തർക്കത്തിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങിപ്പോയ വനിതാ കണ്ടക്ടർ സംഭവത്തെക്കുറിച്ച് യൂണിറ്റ് ഇൻസ്പെക്ടറോട് വിശദീകരിക്കുകയും കൂത്താട്ടുകുളം പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഇവർ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ കണ്ടക്ടർ, മാനസിക സമ്മർദം മൂലം ജോലി ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയും ഒ.പി ടിക്കറ്റും അപേക്ഷയും നൽകി മടങ്ങുകയും ചെയ്തു.
കണ്ടക്ടർ മടങ്ങിയതോടെ ബസിലെ യാത്രക്കാരും ഡ്രൈവറും ഏറെ നേരം കാത്തുനിന്നെങ്കിലും യാത്ര തുടരാനായില്ല. മൂവാറ്റുപുഴ ഡിപ്പോയിൽ വിവരമറിയിച്ചെങ്കിലും പകരം കണ്ടക്ടറെ ലഭ്യമാകാതിരുന്നതോടെ പ്രിയദർശിനി ബസിന്റെ ട്രിപ്പ് റദ്ദാക്കി കൂത്താട്ടുകുളം സ്റ്റാൻഡിൽ തന്നെ ഇട്ടിടേണ്ടി വന്നു.
#KSRTC #Muvattupuzha #Koothattukulam #KeralaNews #KSRTCNews #MalayalamNews
