സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഖിൽ എൻ.ആർ.ഡിയിൽ നിന്ന് മുൻപ് തനിക്കുണ്ടായ കടുത്ത മാനസിക വിഷമത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻ ബിഗ് ബോസ് താരവും മോഡലുമായ ഏയ്ഞ്ചലിൻ മരിയ. തന്റെ ഒബ്സസീവ് കമ്പൾസീവ് ഡിസോർഡറിനെയും (OCD), അണുക്കളോടുള്ള ഭയത്തെയും (Mysophobia) അഖിൽ യൂട്യൂബ് വിഡിയോയിലൂടെ പരിഹസിച്ചതായാണ് ഏയ്ഞ്ചലിൻ വെളിപ്പെടുത്തിയത്.
2019 മുതൽ താൻ ഇതിനായി ചികിത്സയിലാണെന്നും, ഒരാളുടെ ആരോഗ്യസ്ഥിതിയെ വിറ്റ് കാശാക്കുന്നത് കടുത്ത ക്രൂരതയാണെന്നും നടി കുറ്റപ്പെടുത്തി. ആ വിഡിയോ കണ്ടതിന് ശേഷം കരഞ്ഞു തളർന്നുപോയെന്നും ഉറങ്ങാൻ പോലും കഴിയാത്ത രീതിയിൽ വൈകാരികമായി തകർന്നുവെന്നും ഏയ്ഞ്ചലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അന്യരുടെ വ്യക്തിജീവിതവും ആരോഗ്യപ്രശ്നങ്ങളും വ്യൂസിനും വരുമാനത്തിനും വേണ്ടി ട്രോൾ ചെയ്യുന്ന പ്രവണതയെ വിമർശിച്ച താരം, ഇതാണ് ‘കർമ’യെന്നും അഖിലിന്റെ ഇപ്പോഴത്തെ തിരിച്ചടികളെ ഓർമ്മിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. വാർത്ത പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ വന്ന സൈബർ ആക്രമണങ്ങൾക്കും ഏയ്ഞ്ചലിൻ കടുത്ത ഭാഷയിൽ മറുപടി നൽകി. അന്യരുടെ വൈകല്യങ്ങളും രോഗങ്ങളും ട്രോൾ കണ്ടന്റുകളാക്കുന്ന സോഷ്യൽ മീഡിയ രീതികൾക്കെതിരെ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
#AngelineMaria #AkhilNRD #BiggBossMalayalam #SocialMediaControversy #MentalHealthAwareness #CyberBullying #MalayalamNews #Kerala
