ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾക്ക്മേൽ കേന്ദ്ര സർക്കാരിന്റെ കടുത്ത നിയന്ത്രണം. കഴിഞ്ഞ മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ 1.95 ലക്ഷത്തോളം കണ്ടന്റ് ബ്ലോക്കിങ് ഉത്തരവുകളാണ് സോഷ്യൽ മീഡിയ കമ്പനികൾക്ക് കേന്ദ്ര സർക്കാർ ഏജൻസികൾ നൽകിയത്. ശരാശരി 68 സെക്കൻഡിൽ ഒരെണ്ണം എന്ന തോതിലാണ് ഈ കാലയളവിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ പോസ്റ്റുകളും അക്കൗണ്ടുകളുമാണ് പ്രധാനമായും ബ്ലോക്ക് ചെയ്തത്. ഇതിൽ പകുതിയിലധികവും (ഏകദേശം 1 ലക്ഷത്തോളം) ഇൻസ്റ്റഗ്രാമിന് നൽകിയ ഉത്തരവുകളാണ്. ഫേസ്ബുക്കിന് 80,000 നോട്ടീസുകളും യൂട്യൂബിന് 15,000 നോട്ടീസുകളും ലഭിച്ചു. മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾക്കാണ് ആകെയുള്ള ഉത്തരവുകളിൽ 90 ശതമാനവും ലഭിച്ചത്.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്ദിറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളുടെ സമയത്താണ് ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ കൂടുതൽ നിർദ്ദേശങ്ങൾ നൽകിയത്. ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച ‘സഹയോഗ്’ പോർട്ടൽ വഴിയാണ് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഈ ബ്ലോക്കിങ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സർക്കാർ ഇടപെടലുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
#SocialMediaBan #CentralGovernment #InstagramBan #ContentBlocking #ITAct #DelhiNews #IndianExpress #NationalNews #DigitalIndia
