ന്യൂഡൽഹി: സിജെപിയുടെ വിദ്യാർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് പരാതി നൽകാൻ രാഹുൽ ഗാന്ധി നേരിട്ടെത്തിയത്. കേസ് എടുക്കാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് അദ്ദേഹം പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പാർലമെൻ്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിൻ്റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ടെത്തിയത്. ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം.
ഡിസിപി ഓഫീസിലെത്തിയ രാഹുൽ ഗാന്ധി പോലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. പെല്ലറ്റ് ആക്രമണത്തിന് ഉത്തരവാദികളായ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
#RahulGandhi #DelhiPolice #Protest #Congress #StudentProtest #ParliamentStreet #DelhiNews #KeralaNews
