കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണങ്ങൾക്ക് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഇത് അഭ്യൂഹം മാത്രമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ നിജസ്ഥിതി അറിയാൻ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരള പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പൂഴ്ത്തിവെച്ചു എന്ന ആരോപണത്തോട് പ്രതികരിക്കവേ, “വയലാർ രവി ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്തെ സംഭവമാണിത്. നാല് പതിറ്റാണ്ടിലേറെയായ ഈ കേസിൽ ഇനി എന്താണ് പൂഴ്ത്താനുള്ളത്?” എന്നും ചെന്നിത്തല ചോദിച്ചു.
ജോൺ മേനോൻ എന്ന പേരിൽ ബ്രൂണെയിൽ?
കഴിഞ്ഞ 42 വർഷമായി പൊലീസ് തെരയുന്ന സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ‘ജോൺ മേനോൻ’ എന്ന വ്യക്തിയെക്കുറിച്ച് പൊലീസിന് ചില അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ നിർമ്മാണ സാമഗ്രികളുടെ കരാർ ജോലികളുമായി കഴിയുന്ന ഈ വ്യക്തിയെക്കുറിച്ച് മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള മലയാളികളാണ് വിവരങ്ങൾ പങ്കുവെച്ചത്. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. രണ്ടു വർഷം മുമ്പ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഇയാളുടെ പാകിസ്ഥാനിയായ പങ്കാളിക്കെതിരെ കേസെടുത്തിരുന്നതായും വിവരമുണ്ട്.
ഇന്റർപോളിന് കത്ത് നൽകാൻ ക്രൈംബ്രാഞ്ച്
ജോൺ മേനോൻ എന്ന വ്യക്തിയുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും അടക്കം ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദർ ഇന്റർപോളിന് കത്ത് നൽകും. ഇന്റർപോളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. നിലവിൽ ലഭിച്ച വിവരങ്ങൾ പൂർണ്ണമായി വിശ്വസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. 80 വയസ്സിലധികം പ്രായമുള്ള, കടുത്ത ഹൃദ്രോഗബാധിതനായ കുറുപ്പ് ഇനി ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം.
1984 ജനുവരി 22-നാണ് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ കഴുത്തു ഞെരിച്ച് കൊന്ന്, സുകുമാരക്കുറുപ്പ് സ്വന്തം കാറിലിട്ട് ചുട്ടുകൊന്നത്. തുടര്‍ന്ന് മുങ്ങിയ കുറുപ്പിനെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ വ്യക്തമായ ഒരു തുമ്പും ലഭിച്ചിരുന്നില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് ജാർഖണ്ഡിൽ വെച്ച് മലയാളി നഴ്സ് രത്നമ്മ കുറുപ്പിനെ കണ്ടതായി അവകാശപ്പെട്ടിരുന്നെങ്കിലും കേരള പൊലീസ് എത്തുമ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ വീണ്ടും അന്വേഷണം ശക്തമാക്കുകയാണ് ക്രൈംബ്രാഞ്ച്.
