Img credit - Live Law
ഡൽഹി: ഒരാൾക്ക് സ്വന്തമാക്കാവുന്ന സിംകാർഡുകളുടെ എണ്ണത്തിലുള്ള പരിധി കർശനമായി നടപ്പാക്കാൻ നിർദേശം നൽകി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. നിലവിലെ നിയമപ്രകാരം ഒരു വ്യക്തിയുടെ പേരിൽ പരമാവധി ഒമ്പത് സിംകാർഡുകൾ മാത്രമേ അനുവദിക്കൂ. ഇത് ലംഘിക്കുന്നവർക്ക് പുതിയ കണക്ഷനുകൾ നൽകരുതെന്ന് ടെലികോം ഓപ്പറേറ്റർമാർക്ക് വകുപ്പ് കർശന നിർദേശം നൽകി.
ഒരു ടെലികോം കമ്പനിയിൽ നിന്നോ അല്ലെങ്കിൽ ഒന്നിലധികം കമ്പനികളിൽ നിന്നോ ചേർന്ന് ഒമ്പതിൽ കൂടുതൽ സിമ്മുകൾ കൈവശം വെക്കാൻ കഴിയില്ല. അതിർത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, അസം, മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് പരമാവധി ആറ് സിംകാർഡുകൾ മാത്രമാണ്. പത്താമതൊരു സിംകാർഡിനായി അപേക്ഷിക്കുന്നവരെ തടയാൻ ടെലികോം കമ്പനികളുടെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (DIP) ഉപയോഗിക്കും. ഉപഭോക്താക്കളുടെ വിവരങ്ങളും ചിത്രങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ആൾമാറാട്ടം എന്നിവയ്ക്കായി മൊബൈൽ കണക്ഷനുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും ടെലികോം സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.
#SimCardRules #DoT #TelecomNews #CyberSecurity #SIMCardLimit #IndiaNews #TechNewsMalayalam
