കുട്ടികളുടെ സുരക്ഷയെക്കുറിച്ചും മാതാപിതാക്കൾ മക്കളോട് നടത്തേണ്ട തുറന്ന സംഭാഷണങ്ങളെക്കുറിച്ചും സംസാരിച്ച് നടൻ പൃഥ്വിരാജ്. 11 വയസ്സുള്ള ഒരു മകളുടെ അച്ഛൻ എന്ന നിലയിൽ താൻ നേരിടുന്ന പ്രയാസകരമായ അനുഭവങ്ങൾ പങ്കുവെച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. ഹിന്ദി ചിത്രമായ ‘ദായ്റ’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷിതമായത് ഏതാണെന്നും അല്ലാത്തത് ഏതാണെന്നും മകളെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. “ഇതൊരു നിഷ്കളങ്കമായ ലോകമായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും അവളോട് ഇത്തരം കാര്യങ്ങൾ സംസാരിക്കേണ്ടി വരുമായിരുന്നില്ല. എന്നാൽ നാം ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തല്ല. ഇത്തരം ബോധവൽക്കരണ സംഭാഷണങ്ങൾ പെൺകുട്ടികളോട് മാത്രം പോരാ, ആൺകുട്ടികളോടും അത്രതന്നെ ശക്തമായി ഉണ്ടായിരിക്കണം,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പൗരനെന്ന നിലയിലും രക്ഷിതാവെന്ന നിലയിലും സമൂഹത്തിൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ മാതാപിതാക്കൾ തന്നെ മുൻകൈ എടുക്കണമെന്നും, അതിനായി സ്വന്തം മക്കളോട് കൃത്യമായി സംവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൃഥ്വിരാജിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിക്കഴിഞ്ഞു.
-
Prithviraj Sukumaran
-
Parenting
-
Child Safety
-
Daira Movie
-
Prithviraj Speech
-
Cinema News
