കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും പ്രമുഖ തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി 12 മണിയോടെ അരീക്കാട് ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
മാപ്പിളപ്പാട്ടിന്റെ തനിമ ചോരാതെ മൂവായിരത്തിലധികം ജനപ്രിയ ഗാനങ്ങൾക്ക് ഈണമിട്ട അദ്ദേഹം തലമുറകളെ സംഗീത സാന്ദ്രമാക്കിയ അതുല്യ പ്രതിഭയാണ്. കെ.ജെ. യേശുദാസ് ആലപിച്ച എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമായ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിന്നത്താണീ’ തുടങ്ങി നിരവധി മാസ്റ്റർപീസ് സൃഷ്ടികൾ അദ്ദേഹത്തിന്റേതാണ്. യേശുദാസിനും ചിത്രയ്ക്കും പുറമെ എം.ജി. ശ്രീകുമാർ, സുജാത, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖ ഗായകരെല്ലാം അദ്ദേഹത്തിന്റെ ഈണത്തിൽ പാടിയിട്ടുണ്ട്. നിരവധി പുതിയ കലാകാരന്മാർക്ക് സംഗീത ലോകത്തേക്ക് വഴിതുറന്നുകൊടുക്കാനും അദ്ദേഹം മുന്നിൽ നിന്നു.
സംഗീതസംവിധാനത്തിന് പുറമെ മികച്ചൊരു തബലിസ്റ്റ് കൂടിയായിരുന്നു അവുക്ക. എം.എസ്. ബാബുരാജ്, ജി. ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ പ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകരുടെ പ്രിയപ്പെട്ട തബലാ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, റോഷ്നി, ഫെമിന, സജിന, പരേതനായ ഫയാസ്. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന. ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ നടക്കും.
-
Kozhikode Aboobacker
-
Mappilappattu
-
Music Director
-
Obituary
-
Kozhikode News
-
Kerala Music
