നടിയും സഹോദരിയുമായ അനശ്വര രാജനെക്കുറിച്ച് വൈകാരികമായ കുറിപ്പും വിഡിയോയും പങ്കുവെച്ച് ചേച്ചി ഐശ്വര്യ രാജൻ. ഓസ്ട്രേലിയയിൽ നിന്നുമുള്ള വിഡിയോയിലൂടെയാണ് അനശ്വര നൽകിയ പിന്തുണയെക്കുറിച്ചും സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും ഐശ്വര്യ തുറന്നുപറഞ്ഞത്. ‘അനശ്വരയുടെ ചേച്ചി’ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് വലിയ സന്തോഷവും അഭിമാനവുമാണെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു.
വ്യക്തമായ പക്വതയില്ലാത്ത പ്രായത്തിൽ വിവാഹം കഴിച്ച് ജീവിതം വഴിമുട്ടിപ്പോകുമായിരുന്ന സാഹചര്യത്തിൽ നിന്ന് തന്നെ രക്ഷിച്ചത് അനശ്വരയാണെന്ന് ഐശ്വര്യ ഓർത്തെടുത്തു. “മറ്റുള്ളവർ എന്നെ അനശ്വരയുടെ ചേച്ചി എന്ന് വിളിക്കുമ്പോൾ യാതൊരു ഈഗോയോ വ്യക്തിത്വ പ്രശ്നങ്ങളോ തോന്നാറില്ല. ജീവിതത്തിൽ ആദ്യമായി എനിക്ക് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങിച്ചോളൂ എന്ന് പറഞ്ഞത് എന്റെ അനിയത്തിയാണ്. ഒമാനിലെ ഒരു മാളിൽ വെച്ചാണ് അവൾ അങ്ങനെ പറഞ്ഞത്. എന്നെ എല്ലാ തരത്തിലും സംരക്ഷിച്ച ആളാണ് അവൾ,” ഐശ്വര്യ പറഞ്ഞു.
പതിനാറു വയസ്സു മുതൽ കടന്നുപോകേണ്ടി വന്ന ‘ഫൈബ്രോമയാൾജിയ’ ഉൾപ്പെടെയുള്ള കഠിനമായ രോഗാവസ്ഥകളെക്കുറിച്ചും മുൻപ് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. രോഗങ്ങൾ കാരണം ഏറെ പ്രയാസപ്പെട്ടപ്പോഴും പ്രതിസന്ധികളിൽ അനശ്വര നൽകിയ കരുതൽ തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു.
-
Anaswara Rajan
-
Aishwarya Rajan
-
Anaswara Rajan Sister
-
Cinema News
-
Mollywood News
-
Viral Video
