ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ആക്ഷൻ ഡ്രാമ ചിത്രം ‘വരവ്’ ഒടിടി റിലീസിന് ഒരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ 5 (ZEE5) ലൂടെ സെപ്റ്റംബർ 11 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഒടിടി റിലീസിനോടനുബന്ധിച്ച് സീ 5 ചിത്രത്തിന്റെ പുതിയ ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ജോജു ജോർജ് ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘വരവി’നുണ്ട്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവന പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഷാജി കൈലാസിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എസ്. ശരവണൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സാം സി.എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.