തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഏപ്രിൽ 18-ന് രേഖപ്പെടുത്തിയ 117.16 ദശലക്ഷം യൂണിറ്റാണ് നിലവിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗം. വൈകുന്നേരം 6 മുതൽ 10 വരെയുള്ള പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ടിലേക്ക് ഉയർന്നു. ഏപ്രിൽ 23-ന് രാത്രി പത്തരയോടെ ആവശ്യകത 6195 മെഗാവാട്ട് വരെ എത്തിയത് വൈദ്യുതി ബോർഡിനെ ആശങ്കയിലാക്കുന്നുണ്ട്.
പ്രതീക്ഷകൾക്കും അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി വർദ്ധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ കെഎസ്ഇബി അശ്രാന്ത പരിശ്രമത്തിലാണ്. എന്നാൽ, ആവശ്യകത പരിധി വിട്ടതോടെ പ്രസരണ വിതരണ ശൃംഖലകൾ വലിയ സമ്മർദ്ദത്തിലാവുകയും ചിലയിടങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ശൃംഖലാ പുനക്രമീകരണത്തിലൂടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ബോർഡ് തുടരുകയാണ്.
നിലവിലെ താത്കാലിക പ്രതിസന്ധി മറികടക്കാൻ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇലക്ട്രിക് വാഹന ചാർജിംഗും ഈ സമയത്ത് ഒഴിവാക്കി മറ്റു സമയങ്ങളിലേക്ക് ക്രമീകരിക്കേണ്ടതാണ്.
എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുന്നതും പീക്ക് സമയത്തെ പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കും. ഇത്തരം ലളിതമായ മാറ്റങ്ങൾ സ്വീകരിക്കുന്നത് വഴി വരാനിരിക്കുന്ന ഉയർന്ന വൈദ്യുതി ബില്ലിൽ നിന്ന് ആശ്വാസം നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
