തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെതിരെ സംസ്ഥാനത്ത് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീടിന് മുന്നിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. പ്രതിഷേധവുമായെത്തിയ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ പിണറായി വിജയന്റെ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
സംഘർഷത്തിനിടെ പ്രതിഷേധക്കാർ പൊലീസിന്റെ ഹെൽമെറ്റ് ഊരിയെടുത്ത് സുരക്ഷയ്ക്കായുണ്ടായിരുന്ന കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. കൂടാതെ വീടിനുള്ളിലേക്ക് കുപ്പികളും കല്ലുകളും എറിയുകയും ചെയ്തു. സുരക്ഷാ വലയം ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കം പ്രദേശത്ത് അതീവ സങ്കീർണ്ണമായ സാഹചര്യമാണ് സൃഷ്ടിച്ചത്. പിന്നീട് മുതിർന്ന സിപിഎം നേതാക്കളായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചതോടെയാണ് താൽക്കാലികമായി ശാന്തത കൈവന്നത്.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങൾ ഉൾപ്പെടെ ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 12 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. റെയ്ഡ് നടക്കുമ്പോൾ പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു. ഇഡി സംഘം വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സിഎംആർഎൽ (CMRL) എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആർഎൽ ഓഫീസ് എന്നിവടങ്ങളിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. കൂടാതെ പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ കമ്പനിയുടെ ബംഗളൂരു ഓഫീസിലും കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റ് രണ്ട് കമ്പനികളുടെ ഓഫീസുകളിലും പരിശോധന പുരോഗമിക്കുകയാണ്.
