ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിലെ ഇൻ്റിമേറ്റ് രംഗങ്ങളെച്ചൊല്ലി നടൻ യാഷിനെതിരെ കടുത്ത വിമർശനവുമായി കന്നഡ നടി ഋഷിക സിങ്. സ്ത്രീകളെ ബഹുമാനിക്കാൻ പഠിച്ചില്ലെങ്കിൽ യാഷിനെ കർണാടകയിൽ നിന്ന് പുറത്താക്കുമെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.
ചിത്രത്തിന്റെ ട്രെയിലർ റിലീസിന് പിന്നാലെയാണ് ഋഷിക നടനെതിരെ രംഗത്തെത്തിയത്. ട്രെയിലറിലെ ബോൾഡ്, ഇൻ്റിമേറ്റ് രംഗങ്ങൾ തന്നെ കടുത്ത നിരാശയിലാക്കിയെന്ന് ഋഷിക വ്യക്തമാക്കി.
സംസ്കാരം അറിയാത്തത് കൊണ്ടോ? ഋഷികയുടെ ചോദ്യങ്ങൾ:
-
പ്രതീക്ഷിക്കാത്ത നിലപാട്: ഭാര്യയും മക്കളുമുള്ള കുടുംബനാഥനായ യാഷിൽ നിന്ന് ഇത്തരം ഒരു സിനിമയോ കഥാപാത്രമോ പ്രതീക്ഷിച്ചില്ലെന്ന് ഋഷിക പറഞ്ഞു.
-
സ്ത്രീകളുടെ ചിത്രീകരണം: കരുത്തനായ കഥാപാത്രമായി എത്തുമ്പോഴും സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ എന്തുകൊണ്ടാണ് ഇത്തരത്തിൽ മോശമായി ചിത്രീകരിച്ചതെന്ന് നടി ചോദിക്കുന്നു.
-
സംവിധായികയ്ക്ക് എതിരെയുള്ള പരാമർശം: ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസ് കർണാടക സ്വദേശിയല്ലാത്തതിനാൽ അവർക്ക് ഇവിടുത്തെ സംസ്കാരം അറിയണമെന്നില്ല, എന്നാൽ കർണാടകയിൽ ജനിച്ചു വളർന്ന യാഷിന് ഇത് ഓർമയില്ലേ എന്നും നടി ചോദിക്കുന്നു.
“കർണാടകയിൽ ജനിച്ചു വളർന്ന ഞാനും ഒരു നടിയാണ്. അതുകൊണ്ടുതന്നെ ഈ ട്രെയിലറിനെതിരെ സംസാരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല,” – ‘ഐ ആം ടോക്സിക്’ എന്ന് ആവർത്തിച്ചുകൊണ്ടാണ് ഋഷിക വീഡിയോ അവസാനിപ്പിക്കുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിച്ച ‘ടോക്സിക്’ ഈ മാസം 26-നാണ് തിയേറ്ററുകളിലെത്തുന്നത്. നയൻതാര, കിയാര അദ്വാനി, താരാ സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം സെൻസറിംഗ് പൂർത്തിയാക്കിയപ്പോൾ ‘എ’ (A) സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
