മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’ നൽകിയ മികച്ച തുടക്കത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മായൻ’ വിദേശ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കി. ജയസൂര്യ നായകനാകുന്ന ഈ മിസ്റ്ററി ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ അന്താരാഷ്ട്ര ഷെഡ്യൂൾ ജൂലൈ അവസാനത്തോടെ റഷ്യയിലാണ് ആരംഭിച്ചിരുന്നത്.
ചിത്രത്തിലെ ഏറെ നിർണായകമായ രംഗങ്ങളാണ് റഷ്യയിൽ ചിത്രീകരിച്ചത്. വിദേശ ചിത്രീകരണത്തിന് ശേഷം സിനിമയുടെ തുടർഭാഗങ്ങൾ ഇനി കേരളത്തിൽ വെച്ച് പൂർത്തിയാക്കും.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇവർക്കൊപ്പം വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിന്റെ കഥാഗതിയെ മാറ്റിമറിക്കുന്ന അതീവ പ്രാധാന്യമുള്ള വേഷങ്ങളിൽ അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് പടർന്നുകിടക്കുന്ന പുരാതനമായ ആഭിചാര ആചാരങ്ങളുടെയും ലോകത്തിന്റെ വിവിധ കോണുകളിൽ രഹസ്യമായി പ്രവർത്തിക്കുന്ന അദൃശ്യ ശക്തികളുടെയും ഒരു ആഗോള ശൃംഖലയെ ചുറ്റിപ്പറ്റിയാണ് മായന്റെ പ്രമേയം വികസിക്കുന്നത്.
നൂറ്റാണ്ടുകളായി മറഞ്ഞിരിക്കുന്ന നിഗൂഢതകളുടെയും ശക്തികളുടെയും വേരുകൾ തേടിയുള്ള യാത്ര സ്വാഭാവികമായും ഇന്ത്യയുടെ അതിരുകൾക്ക് പുറത്തേക്ക് നീളുന്ന ഒന്നാണ്. ഈ അന്താരാഷ്ട്ര ശൃംഖലയിലെ ഏറ്റവും നിർണ്ണായകമായ ഒരു അധ്യായമാണ് റഷ്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്നത്. വെറും ഒരു ത്രില്ലർ എന്നതിനപ്പുറം, വളരെ ആഴത്തിലുള്ള വേൾഡ് ബിൽഡിംഗും ലെയറുകളുമുള്ള തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രേക്ഷകനെ കഥയുടെ അന്തരീക്ഷത്തിലേക്ക് പൂർണ്ണമായി ആഴ്ന്നിറക്കുന്ന ഒരു സിനിമാറ്റിക് അനുഭവമായിരിക്കും മായൻ സമ്മാനിക്കുകയെന്ന് അണിയറക്കാര്‍ പറയുന്നു.
മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്ത് റാഫിയും സംവിധായകൻ ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ അന്താരാഷ്ട്ര നിലവാരത്തിന് അനുയോജ്യമായ രീതിയിൽ ദൃശ്യങ്ങളും ശബ്ദവും ഒരുക്കാൻ ഇൻഡസ്ട്രിയിലെ ഏറ്റവും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ക്യാമറയ്ക്ക് പിന്നിൽ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. മുജീബ് മജീദ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുമ്പോൾ പ്രവീൺ പ്രഭാകർ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സുനിൽ ദാസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
