വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ പരാജയവും അതിനെ തുടർന്നുണ്ടായ ട്രോളുകളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ തിരിച്ചടിയെ തുടർന്ന് മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് ഭയമായിരുന്നുവെന്നും, തിയേറ്ററുകളിൽ നേരിട്ട പ്രത്യാഘാതം വ്യക്തിപരമായി അനുഭവിക്കേണ്ടി വന്നുവെന്നും താരം വ്യക്തമാക്കുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ മനസ്സ് തുറന്നത്.
“2023-ൽ വലിയ ഹൈപ്പോടെ വന്ന സിനിമയായിരുന്നു ‘കിങ് ഓഫ് കൊത്ത’. എന്നാൽ അതിന് ശേഷം മലയാള ഇൻഡസ്ട്രിയിൽ എന്നെ കാസ്റ്റ് ചെയ്യാൻ പേടിയായതുപോലെ തോന്നി. എനിക്ക് മാത്രമല്ല, ദുൽഖറിനും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും കടുത്ത ട്രോളുകൾ നേരിടേണ്ടി വന്നു. എന്റെ അഭിനയത്തെയും ഡയലോഗ് ഡെലിവറിയെയും എല്ലാം ട്രോൾ ചെയ്തു. പക്ഷേ പലപ്പോഴും അവർ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്,” ഐശ്വര്യ പറഞ്ഞു.
ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രത്തെ ‘രാജുവേട്ടാ’ എന്ന് വിളിക്കുന്ന ഭാഗം പറഞ്ഞ് പലരും കളിയാക്കിയത് വലിയ വേദനയുണ്ടാക്കിയതായി താരം വെളിപ്പെടുത്തി. ചിത്രത്തിനു ശേഷമുണ്ടായ കടുത്ത സൈബർ ആക്രമണം കാരണം ദുൽഖർ സൽമാന്റെ കൂടെ വീണ്ടും പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഓണക്കാലത്ത് ദുൽഖറിനൊപ്പം ചെയ്യാനിരുന്ന ഒരു പരസ്യചിത്രത്തിൽ നിന്ന്, ഇത്തരം പ്രതികൂല പ്രതികരണങ്ങൾ ഭയന്ന് താൻ സ്വയം പിന്മാറുകയായിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
#AishwaryaLekshmi #DulquerSalmaan #KingOfKotha #Mollywood #MalayalamCinema #CyberTrolls #AishwaryaLekshmiInterview #MalayalamNews #CinemaNews
