കണ്ണൂർ: ആഭ്യന്തരമന്ത്രിയെയും പോലീസുദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടാൻ ഉപയോഗിച്ച അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. അർജുൻ ആയങ്കിയെ മുൻപ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിനുള്ളിൽ നിന്നാണ് സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഐഫോൺ പോലീസ് വീണ്ടെടുത്തത്.
പോലീസ് കസ്റ്റഡിയിൽ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അർജുൻ നൽകിയ നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ അതീവ രഹസ്യമായി പോലീസ് തെളിവെടുപ്പ് നടത്തിയത്.
അർജുൻ ആയങ്കിയുടെ പ്രധാന മൊഴികൾ:
-
വെല്ലുവിളിച്ച് പോസ്റ്റിട്ടത് താൻ തന്നെ: ആഭ്യന്തരമന്ത്രിക്കെതിരെയും പോലീസിനെതിരെയും സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത് താൻ തന്നെയാണ്. തന്റെ എഫ് ബി അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ല.
-
വൈഫെ ഉപയോഗിച്ചു: ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെ വൈഫൈ കണക്ഷനുകളും സുഹൃത്തുക്കളുടെ ഫോണിലെ വൈഫൈ ഹോട്ട്സ്പോട്ടും ഉപയോഗിച്ചാണ് ഫേസ്ബുക്ക് അക്കൗണ്ട് പ്രവർത്തിപ്പിച്ചത്.
-
ഫോൺ ഒളിപ്പിച്ചത്: കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുൻപ് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപമുള്ള ഷൂ റാക്കിലാണ് ഫോൺ ഒളിപ്പിച്ചു വെച്ചത്.
കാപ്പ (KAAPA) ചുമത്താൻ നീക്കം:
കേസിലെ നിർണായക തെളിവായ ഈ ഐഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കേസുകളുടെ ചരിത്രമടങ്ങിയ റിപ്പോർട്ട് (Case History Report) വളപട്ടണം എസ്എച്ച്ഒ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. ഈ റിപ്പോർട്ട് ഉടൻ തന്നെ തുടർനടപടികൾക്കായി കണ്ണൂർ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
