കോഴിക്കോട്: എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ തെളിവായ സിം കാർഡിന്റെ ഉടമയെ പൊലീസ് ദില്ലിയിൽ നിന്ന് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞത്.
പ്രത്യേക അന്വേഷണ സംഘം ദില്ലിയിലെത്തി ഇയാളെ നേരിൽ കണ്ട് ചോദ്യം ചെയ്തു. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചെങ്കിലും, രണ്ട് മാസം മുൻപ് ഫോൺ നഷ്ടപ്പെട്ടതാണെന്നും തട്ടിപ്പ് കോളുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ വിശദീകരണം. എന്നാൽ ഈ മൊഴി പൂർണ്ണമായി വിശ്വസിക്കാതെ അന്വേഷണ സംഘം ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ജൂലൈ ആറിനാണ് കോൺഗ്രസ് നേതാവും എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് എം.എൽ.എയ്ക്ക് ഫോൺ കോൾ വരുന്നത്. മന്ത്രിസ്ഥാനം ഉറപ്പാക്കാൻ 3 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാനമായ വ്യാജ കോളുകൾ ലഭിച്ചു.
സംഭവത്തിൽ ആൾമാറാട്ടം, വഞ്ചനാ ശ്രമം, ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തി സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ, പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ രാജ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പൊലീസും മൂന്ന് കേസുകളിലും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
