നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു വിസ്മയ കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നടപടികളെ വിമർശിച്ച് രംഗത്തെത്തിയത്.
“സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണോ ജനാധിപത്യം എന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്ന ചോദ്യമുയർത്തുന്ന കുറിപ്പാണ് വിസ്മയ പങ്കുവെച്ചത്. വിയോജിപ്പുകളോട് ചർച്ചയ്ക്ക് പകരം ബലപ്രയോഗത്തിലൂടെയും അടിച്ചമർത്തലിലൂടെയുമാണ് മറുപടി നൽകുന്നതെങ്കിൽ നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കണമെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു.
പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം വിസ്മയക്കെതിരെ അധിക്ഷേപ കമന്റുകളുമായി രംഗത്തെത്തി. “എമ്പുരാൻ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മതി”, “പഹൽഗാമിൽ ആക്രമണം നടന്നപ്പോൾ എവിടെയായിരുന്നു”, “തുടക്കം തന്നെ പാളിയല്ലോ” ലാലേട്ടന്റെ പേര് കളഞ്ഞല്ലോ ചേച്ചി, തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് ഉയർന്നുവരുന്നത്.
വിസ്മയ നായികയായി അരങ്ങേറുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം ‘തുടക്കം’ റിലീസിന് തയ്യാറെടുക്കവെയാണ് ഈ വിവാദം. മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിന് താഴെയും വിദ്വേഷ കമന്റുകൾ നിറയുന്നുണ്ട്. ഓഗസ്റ്റ് 7-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ അതിഥി സാന്നിധ്യവും ചിത്രത്തിലുണ്ട്.
