വടകര: വാണിമേൽ പഞ്ചായത്തിലെ കന്നുകുളത്ത് തോടും വയലും നിയമവിരുദ്ധമായി മണ്ണിട്ടും മാലിന്യങ്ങൾ തള്ളിയും നികത്താനുള്ള ശ്രമം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു. വാണിമേൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ കന്നുകുളം അയ്യപ്പഭജനമഠത്തിന് സമീപമാണ് സംഭവം.

ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലാണ് പ്ലാസ്റ്റിക്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ, മരക്കഷ്ണങ്ങൾ തുടങ്ങിയവ നിക്ഷേപിച്ച ശേഷം മുകളspaceലേക്ക് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ സമീപത്തെ തോട്ടിലേക്കും വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി തള്ളിയിട്ടുണ്ട്. ഇതോടെ തോട്ടിലെ സ്വാഭാവിക നീരൊഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ. വാണിമേൽ മേഖലാ കമ്മിറ്റി പ്രവർത്തകർ സ്ഥലത്തെത്തി നികത്തൽ പ്രവൃത്തികൾ തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവർക്ക് ഡി.വൈ.എഫ്.ഐ. നേതൃത്വം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
