ആർ.ആർ.ആറിന് (RRR) ശേഷം തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്‌സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 271 കോടി രൂപയാണ് സ്വന്തമാക്കിയത്. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കർമാരായ സാക്നിലിക് (Sacnilk) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യയിൽ മാത്രം ചിത്രം ഇതുവരെ 187.31 കോടി രൂപ നെറ്റ് കളക്ഷൻ നേടിക്കഴിഞ്ഞു. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.
റിലീസ് ചെയ്ത ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 181 കോടിയോളം രൂപ വാരിയ ചിത്രം, മൂന്നാം ദിനത്തിൽ മാത്രം 55 കോടിയോളം രൂപയാണ് ആഗോള ഗ്രോസായി നേടിയത്. ഇന്ത്യയ്ക്ക് പുറമേ ഓവർസീസ് മാർക്കറ്റിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വിദേശത്തെ കളക്ഷനിലും ചിത്രം പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് സൂചന. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് പ്രമുഖ വിതരണക്കാരായ ‘തിങ്ക് സ്റ്റുഡിയോസ്’ ആണ്.
ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടുമ്പോഴും അണിയറയിൽ പുതിയൊരു വിവാദം പുകയുകയാണ്. ചിത്രത്തിലെ നായികയെ വെറുമൊരു ഉപഭോഗവസ്തുവായി (Objectify) ചിത്രീകരിച്ചു എന്ന പേരിൽ സംവിധായകനെതിരെ സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. നിരവധി പ്രമുഖ നടിമാർ തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധതയ്ക്കും നായികയെ കാണിച്ച രീതിക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും ചിത്രത്തിലെ രാം ചരണിന്റെ അഭിനയത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’ക്ക് വേണ്ടി വമ്പൻ ശാരീരിക പരിവർത്തനമാണ് താരം നടത്തിയത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും രാം ചരണും ആദ്യമായി ഒന്നിച്ചെത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ് എന്നിവർ ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ അവതരിപ്പിച്ചത്.
രാം ചരണിന്റെ പ്രകടനത്തിനൊപ്പം എ ആർ റഹ്മാൻ ഒരുക്കിയ സംഗീതവും വലിയ കയ്യടി നേടുന്നുണ്ട്. മെഗാ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും നിർണ്ണായകമായ സ്ഥാനം ഉണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്. രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.
