സോഷ്യൽ മീഡിയയിൽ 1980-കളിലെ എഐ (Artificial Intelligence) വിന്റേജ് ചിത്രങ്ങൾ തരംഗമാകുമ്പോൾ, തികച്ചും വ്യത്യസ്തമായ കുറിപ്പും ചിത്രങ്ങളുമായി എത്തി ആരാധകരുടെ ശ്രദ്ധ നേടുകയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി. മറ്റ് സിനിമാ താരങ്ങൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ 80-കളിലെ റെട്രോ ചിത്രങ്ങൾ പുനഃസൃഷ്ടിച്ച് പങ്കുവെക്കുമ്പോൾ, തന്റെ യഥാർത്ഥ 80s ചിത്രവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ 80-കളിൽ എടുത്ത യഥാർഥ വിന്റേജ് ചിത്രം പങ്കുവെച്ചുകൊണ്ട് “ചാറ്റ് ജിപിടിയുടെ സഹായമില്ലാതെ തന്നെ 80സ് ട്രെൻഡ്” എന്നാണ് ബാബു ആന്റണി കുറിച്ചത്. 80-കളിലും 90-കളിലും തെന്നിന്ത്യൻ ആക്ഷൻ സിനിമകളിൽ തരംഗം സൃഷ്ടിച്ച താരത്തിന് 80സ് ലുക്കിലേക്ക് മാറാൻ എഐയുടെ സഹായം ആവശ്യമില്ലെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. താരത്തിന്റെ അന്നത്തെ മാസ്സ് ലുക്കിലുള്ള ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.
യഥാർഥ ചിത്രത്തിന് പുറമേ, ഒരു 2K ആരാധകൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച് നൽകിയ മറ്റൊരു ചിത്രവും ബാബു ആന്റണി പങ്കുവെച്ചിട്ടുണ്ട്. ഭാര്യയ്ക്കൊപ്പമുള്ള ഈ എഐ ചിത്രത്തിനൊപ്പം “90-കളുടെയും 2K-യുടെയും സംയോജനം, ഒരു 2K ആരാധകൻ അയച്ചു തന്നത്. പുതിയ തലമുറയും 2K എന്നെ ഇതുപോലെ നെഞ്ചിലേറ്റുന്നതിൽ സന്തോഷമുണ്ട്” എന്നും അദ്ദേഹം കുറിച്ചു. സോഷ്യൽ മീഡിയയിൽ എഐ ഫിൽട്ടറുകൾ നിറയുമ്പോഴും ബാബു ആന്റണിയുടെ ഈ വേറിട്ട പോസ്റ്റും പഴയകാല മാസ്സ് ലുക്കും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
#BabuAntony #VintageTrend #AITrend #80sRetro #MalayalamCinema #MollywoodNews #BabuAntonyVintage #SocialMediaViral
