ഓൺലൈനായി ഓർഡർ ചെയ്ത വൻവിലയുള്ള ഐഫോണിന് പകരം ഉപഭോക്താവിന് താടി വളരാനുള്ള എണ്ണ നൽകിയ സംഭവത്തിൽ പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടിന് കനത്ത പിഴ. ഫോണിന്റെ വിലയായ 1,11,793 രൂപ പലിശ സഹിതം തിരികെ നൽകാനും, നഷ്ടപരിഹാരവും കേസിന്റെ ചെലവുമായി 70,000 രൂപ അധികമായി നൽകാനും മുംബൈ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഫ്ലിപ്പ്കാർട്ടും സെല്ലറായ ‘ഇന്റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡും’ സംയുക്തമായി 45 ദിവസത്തിനകം തുക നൽകണമെന്നാണ് വിധി.
മുംബൈ പൊവായി സ്വദേശിയായ ഉപഭോക്താവാണ് തട്ടിപ്പിനിരയായത്. ഫ്ലിപ്പ്കാർട്ട് വഴി നോ-കോസ്റ്റ് ഇഎംഐ വ്യവസ്ഥയിൽ 1,11,793 രൂപ നൽകി ഐഫോൺ 14 പ്രോ (128 GB) ഇയാൾ ഓർഡർ ചെയ്തിരുന്നു. എന്നാൽ, ഡെലിവറി ലഭിച്ചപ്പോൾ പ്രധാന പാക്കറ്റിൽ ഫോണിന് പകരം താടി വളർത്തുന്ന എണ്ണക്കുപ്പിയാണ് ഉണ്ടായിരുന്നത്. ഫോണിനൊപ്പം പ്രത്യേകമായി ഓർഡർ ചെയ്ത ചാർജറും കവറും കൃത്യമായി ലഭിച്ചിരുന്നു.
ഉടൻതന്നെ ആവശ്യമായ രേഖകളും തെളിവുകളും സഹിതം ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറുമായി ഉപഭോക്താവ് ബന്ധപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പരാതി പരിഹരിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ ഫ്ലിപ്പ്കാർട്ട് പരാതി ‘പരിഹരിച്ചു’ എന്ന് മാർക്ക് ചെയ്ത് കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. തുടർന്നാണ് വഞ്ചിക്കപ്പെട്ട ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾക്ക് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പരാതിയുമായി ഉപഭോക്താവ് സമീപിക്കുമ്പോൾ കൃത്യമായ അന്വേഷണം നടത്താനും പരിഹരിക്കാനും പ്ലാറ്റ്‌ഫോമിന് ബാധ്യതയുണ്ട്. യാതൊരു പരിഹാരവും കാണാതെ പരാതികൾ തുടർച്ചയായി ക്ലോസ് ചെയ്ത ഫ്ലിപ്പ്കാർട്ടിന്റെ നടപടി നിയമവിരുദ്ധവും അനുചിതവുമാണെന്നും കമ്മീഷൻ വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നം പാക്ക് ചെയ്യുന്നതിലോ അയക്കുന്നതിലോ നിർമ്മാതാക്കളായ ആപ്പിളിന് പങ്കില്ലാത്തതിനാൽ അവർക്കെതിരെയുള്ള പരാതി കമ്മീഷൻ തള്ളി.
