റെഡ് ബുൾ, സ്റ്റിങ് ഉൾപ്പെടെയുള്ള പ്രമുഖ ശീതളപാനീയങ്ങളിൽ നിന്ന് ‘എനർജി ഡ്രിങ്ക്’ എന്ന ലേബൽ ഒഴിവാക്കാൻ നൽകിയ 90 ദിവസത്തെ സമയപരിധി നീട്ടി നൽകില്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സാവകാശം ഒരു വർഷത്തേക്ക് നീട്ടി നൽകണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർണ്ണായക തീരുമാനം.
ഉയർന്ന അളവിൽ കഫീനും പഞ്ചസാരയും അടങ്ങിയ പാനീയങ്ങളെ ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ ലേബൽ ചെയ്യുന്നത് ഇന്ത്യൻ ഭക്ഷ്യ മാനദണ്ഡങ്ങൾക്ക് എതിരാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു. റെഡ് ബുൾ, സ്റ്റിങ്, പെപ്സികോയുടെ അഡ്രിനാലിൻ റഷ്, റിലയൻസിന്റെ കാമ്പ എനർജി ഡ്രിങ്ക്, ഹെൽ എനർജി, കൊക്കകോളയുടെ മോൺസ്റ്റർ എനർജി എന്നീ ജനപ്രിയ ബ്രാൻഡുകൾക്കാണ് ലേബൽ മാറ്റാൻ ജൂലൈയിൽ നോട്ടീസ് അയച്ചിരുന്നത്.
നിലവിലുള്ള സ്റ്റോക്കുകളും ഇറക്കുമതി ചെയ്ത കാനുകളും വിറ്റഴിക്കാൻ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, റെഡ് ബുൾ, മോൺസ്റ്റർ, റിലയൻസ് എന്നീ കമ്പനികളാണ് സമയം നീട്ടി ചോദിച്ചത്. എന്നാൽ നിലവിലുള്ള സ്റ്റോക്കുകൾ 60 മുതൽ 90 ദിവസത്തിനുള്ളിൽ തീർക്കാൻ കഴിയുമെന്ന സംസ്ഥാനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എഫ്.എസ്.എസ്.എ.ഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത്.
‘എനർജി ഡ്രിങ്ക്’ എന്ന വിശേഷണത്തിന് ഇന്ത്യൻ ഭക്ഷ്യ നിയമത്തിൽ വ്യക്തമായ നിർവചനമില്ല. വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെയാണ് നടപടി. ‘ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും’, ‘ഏകാഗ്രത വർധിപ്പിക്കും’, ‘ക്ഷീണം കുറയ്ക്കും’ തുടങ്ങിയ വാഗ്ദാനങ്ങൾ ഉന്നയിക്കുന്നത് നിയമവിരുദ്ധമാണ്.
അമിത അളവിൽ കഫീനും പഞ്ചസാരയും അടങ്ങിയ ഇത്തരം പാനീയങ്ങൾ ആരോഗ്യത്തിന് ഗുണകരമാണെന്ന രീതിയിലാണ് വിപണിയിലെത്തുന്നത്. പല പാനീയങ്ങളിലും പ്രതിദിനം ഒന്നിൽ കൂടുതൽ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, നിശ്ചിത പോഷക മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ കർശന ഇടപെടൽ.
