ബെംഗളൂരു: കാവേരി നദീജല പങ്കുവെക്കൽ തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ സമരം ശക്തമാക്കി കർണാടകത്തിലെ കന്നഡ സംഘടനകൾ. കാവേരി വെള്ളത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിജയ്‍യെ ബെംഗളൂരുവിലേക്ക് കാലുകുത്താൻ അനുവദിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നും കന്നഡ സംഘടനകൾ മുന്നറിയിപ്പ് നൽകി. തർക്കത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13-ന് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ കർണാടക-തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ നടക്കാനിരുന്ന കൂടിക്കാഴ്ച നീട്ടിവെച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി ഇപ്പോൾ നടത്താനിരുന്ന ചർച്ച വേണ്ടെന്ന് വെച്ചതായി കർണാടക മുഖ്യമന്ത്രി ഡെപ്യൂട്ടി സി.എം ഡി.കെ. ശിവകുമാർ അറിയിച്ചു.
തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയ്ക്കായി ബെംഗളൂരുവിലേക്ക് വരേണ്ടതില്ലെന്ന് വിജയ്‌യെ അറിയിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. നിലവിൽ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷമല്ല ഉള്ളതെന്നും കൂടിക്കാഴ്ച മാറ്റിവെക്കണമെന്നും കർണാടക സർക്കാർ ആവശ്യപ്പെടും.
കർണാടകത്തിന്റെ ജനങ്ങളുടെയും കർഷകരുടെയും താല്പര്യം സംരക്ഷിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അടുത്ത ഘട്ട തീരുമാനങ്ങൾ സർവ്വകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു.
