Img credit - Learningmole
ജയ്പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ രാജസ്ഥാനിൽ സർക്കാർ സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. സവായ് മധോപൂർ ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ മുതിർന്ന അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കർശന നടപടിയെടുത്തത്. പണം കണ്ടെത്താനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന നാട്ടുകാരുടെ പരാതിക്ക് പിന്നാലെയാണ് നടപടി.
അതേസമയം, സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനികളെ നഗ്നയാക്കി പരിശോധിച്ചെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പണം കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചതെന്നും, അധ്യാപിക ചുമതലപ്പെടുത്തിയ ചില വിദ്യാർത്ഥികൾ തന്നെയാണ് ഈ പരിശോധന നടത്തിയതെന്നും ചീഫ് ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷൻ ഓഫീസർ മീന കുമാരി ലസാരിയ വ്യക്തമാക്കി.
അധ്യാപിക വിദ്യാർത്ഥിനികളെ നേരിട്ട് ശരീരപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് കുട്ടികളും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, ക്ലാസ് മുറിയിലുണ്ടായ ഈ സംഭവത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ പശ്ചാത്തലത്തിലാണ് അധ്യാപികയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ നാട്ടുകാരും രക്ഷിതാക്കളും നൽകിയ പരാതിയിൽ വിശദമായ തുടരന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
