ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കവെ, അപ്രതീക്ഷിത നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മുൻ പിസിസി അധ്യക്ഷന്മാരെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചു. നാളെ എഐസിസി നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തും. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ മുതിർന്ന നേതാക്കളെ വിളിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനാണ് ഹൈക്കമാൻഡ് തലത്തിൽ മുൻതൂക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വിഷയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ ഇന്നലെ രാത്രി വൈകിയും ചർച്ചകൾ നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായുള്ള ഔപചാരിക ചർച്ചകൾ കൂടി പൂർത്തിയാകുന്നതോടെ പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും അതിൽ എതിർപ്പില്ലെന്നും യുഡിഎഫ് ഘടകകക്ഷികളും ഇതിനോടകം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വേദി സംബന്ധിച്ചും ചർച്ചകൾ സജീവമാണ്. തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗം വിളിച്ച് പ്രഖ്യാപിക്കാനോ, അതല്ലെങ്കിൽ ദില്ലിയിൽ വെച്ച് എഐസിസി അധ്യക്ഷൻ നേരിട്ട് പ്രഖ്യാപിക്കാനോ ഉള്ള സാധ്യതകളാണ് ആലോചനയിലുള്ളത്. അതേസമയം, ഹൈക്കമാൻഡ് തീരുമാനം വേഗത്തിലാക്കിയതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് ഉടൻ വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്.
അനുനയ ഫോർമുലയുടെ ഭാഗമായി ഉപമുഖ്യമന്ത്രി സ്ഥാനം പരിഗണിച്ചിരുന്നെങ്കിലും, നിലവിൽ അത്തരമൊരു പദവി ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയതോടെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിന് സാധ്യതയേറുമ്പോൾ, മുതിർന്ന നേതാക്കളെ ദില്ലിയിലെത്തിച്ച് സമവായമുണ്ടാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
