കൊച്ചി: വനിതാ കണ്ടക്ടറുടെ സീറ്റിൽ യാത്രക്കാരൻ ഇരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി. ഇതേത്തുടർന്ന് കെഎസ്ആർടിസി ബസിലെ യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കിടന്ന് ബുദ്ധിമുട്ടി. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വൈറ്റില മൊബിലിറ്റി ഹബ്ബിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കലൂരിൽ നിന്ന് തൊടുപുഴയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസാണ് വൈറ്റില ഹബ്ബിൽ യാത്ര തുടരാനാകാതെ കുടുങ്ങിയത്.
കലൂരിൽ നിന്ന് ബസ് പുറപ്പെട്ട് വൈറ്റിലയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഒരു യാത്രക്കാരൻ വനിതാ കണ്ടക്ടർക്കായി നീക്കിവെച്ചിട്ടുള്ള സീറ്റിൽ വന്നിരുന്നത്. സീറ്റിൽ നിന്ന് മാറിത്തരണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ അതിന് തയ്യാറായില്ല. ഇതോടെ തർക്കം രൂക്ഷമാവുകയും കണ്ടക്ടർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് ബസ് വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ, യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
കണ്ടക്ടർ ഇറങ്ങിപ്പോയതോടെ ബസ് സർവീസ് മുടങ്ങുകയും യാത്രക്കാർ ഹബ്ബിൽ കുടുങ്ങുകയും ചെയ്തു. തുടർന്ന് കെഎസ്ആർടിസി അധികൃതരും പൊലീസും വിഷയത്തിൽ ഇടപെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യാത്രക്കാർക്കായി അധികൃതർ മറ്റൊരു ബസ് ക്രമീകരിച്ചു.
പരാതി നൽകിയ വനിതാ കണ്ടക്ടറെയും യാത്രക്കാരെയും പുതിയ ബസിലേക്ക് മാറ്റിയാണ് തൊടുപുഴയിലേക്കുള്ള യാത്ര പുനഃരാരംഭിച്ചത്. അതേസമയം, തർക്കത്തിന് കാരണക്കാരനായ യാത്രക്കാരൻ പോലീസിന്റെയോ കെഎസ്ആർടിസിയുടെയോ മറ്റ് നടപടികൾ നേരിടാതെ മറ്റൊരു ബസിൽ കയറി യാത്ര തുടർന്നതായാണ് വിവരം.
