ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കടുക്കുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ സർവീസുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നതിന് കേന്ദ്ര സർക്കാർ കർശന വിലക്കേർപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷനാണ് (DGMA) ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ഷിപ്പിംഗ് കമ്പനികൾക്ക് ഇത് സംബന്ധിച്ച അടിയന്തര നിർദ്ദേശം നൽകിയത്.
കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവർക്കായി അയച്ച കത്തിലാണ് ഈ കടുത്ത തീരുമാനം അറിയിച്ചിരിക്കുന്നത്. ഈ മേഖലയിലൂടെയുള്ള സർവീസുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് താൽക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിഎംഎ 2026-ലെ 36-ാം നമ്പർ സർക്കുലർ പുറപ്പെടുവിച്ചു. അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഈ വിലക്ക് തുടരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വൻതോതിൽ രൂക്ഷമായതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ അടിയന്തര നീക്കം. ഇറാനിയൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ യു.എസ് ഉപരോധം പ്രഖ്യാപിച്ചതോടെ മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം കടുത്ത ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ, കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണ സാധ്യതകളും ഇന്ത്യൻ ജീവനക്കാരുടെ ജീവന് നേരിടാവുന്ന സുരക്ഷാ ഭീഷണിയും മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
