വിവാഹമോചനത്തിന് ശേഷവും സമൂഹമാധ്യമങ്ങളിൽ തുടരുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയും തന്റെ വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കുന്നതിനായും നടൻ നാഗചൈതന്യ നിയമപോരാട്ടത്തിൽ. താൻ മുൻഭാര്യ സാമന്തയെ ചതിച്ചുവെന്നും അവരുടെ കരിയർ തകർത്തുവെന്നും കാണിച്ച് പ്രചരിക്കുന്ന വ്യാജ വീഡിയോകൾക്കെതിരെ താരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
തന്റെ മുൻകൂർ അനുവാദമില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നാണ് നാഗചൈതന്യയുടെ പ്രധാന ആവശ്യം. ഇതിനുപുറമേ, അനധികൃത മെർച്ചൻഡൈസ് ലിസ്റ്റിംഗുകൾ, എഐ (Artificial Intelligence) ഉപയോഗിച്ച് നിർമിച്ച വ്യാജ കണ്ടന്റുകൾ, അശ്ലീല സെർച്ച് പ്രയോഗങ്ങൾ എന്നിവയ്ക്കെതിരെയും താരം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 30-ലേക്ക് മാറ്റി വെച്ചു.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017-ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഇതിനുശേഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു.
അതേസമയം, നടി സാമന്ത പ്രശസ്ത സംവിധായകൻ രാജ് നിധിമോരുവിനെ വിവാഹം ചെയ്തിരുന്നു. സൂപ്പർഹിറ്റ് വെബ് സീരീസായ ‘ദി ഫാമിലി മാൻ’ ഉൾപ്പെടെയുള്ളവയുടെ സംവിധായകരിലൊരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയായ രാജ്, ‘രാജ് & ഡികെ’ എന്ന പ്രശസ്ത സംവിധായക കൂട്ടുകെട്ടിലൂടെയാണ് ചലച്ചിത്രമേഖലയിൽ ശ്രദ്ധേയനായത്.
‘ഫ്ലേവേഴ്സ്’, ’99’, ‘ഷോർ ഇൻ ദ സിറ്റി’ തുടങ്ങിയ സിനിമകളിലൂടെ തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ കൂട്ടുകെട്ട് പിന്നീട് ‘ഗോ ഗോവ ഗോൺ’, ‘ഹാപ്പി എൻഡിംഗ്’, ‘എ ജെന്റിൽമാൻ’, ‘അൺപോസ്ഡ്’ തുടങ്ങിയ ചിത്രങ്ങളും ഒരുക്കി. ദുൽകർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജനപ്രിയ നെറ്റ്ഫ്ലിക്സ് സീരീസ് ‘ഗൺസ് ആൻഡ് ഗുലാബ്സി’ന്റെ സംവിധായകരും രാജ് & ഡികെയാണ്.
