ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആദിവാസി വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. എട്ട്, 12, 14 വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ് മരണപ്പെട്ടത്. ആറ് വിദ്യാർത്ഥിനികൾക്കാണ് പാമ്പുകടിയേറ്റത്. നില ഗുരുതരമായ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ ഗഡ്ചിരോളിയിലെ ജപ്തലായ് ഗ്രാമത്തിലുള്ള പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടികൾക്കാണ് പാമ്പുകടിയേറ്റത്. അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കുട്ടികളെ ആദ്യം ഗ്രാമത്തിലെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെയാണ് മൂന്ന് കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. 11-നും 14-നും ഇടയിൽ പ്രായമുള്ള മറ്റ് മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹായത്തോടെ നാഗ്പൂരിലെ ജിഎംസി (GMC) ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ട്രൈബൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗഡ്ചിരോളി ജില്ലയുടെ ചുമതലയുള്ള മന്ത്രി ആഷിഷ് ജയ്സ്വാളും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
