ഡൽഹി: രാജ്യത്ത് ജാതി അധിഷ്ഠിത വിവേചനം ഇല്ലാതാക്കാനും സാമൂഹിക ഐക്യം ഉറപ്പുവരുത്താനുമായി മിശ്രവിവാഹം കഴിക്കുന്ന ദമ്പതികൾക്ക് വൻ സാമ്പത്തിക സഹായവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. യോഗ്യരായ ദമ്പതികൾക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതാണ് പദ്ധതി. കേന്ദ്ര സാമൂഹിക നീതി സക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്കർ ഫൗണ്ടേഷൻ വഴിയാണ് കേന്ദ്രസർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദമ്പതികളിൽ ഒരാൾ പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ടയാളും മറ്റേയാൾ ജനറൽ അല്ലെങ്കിൽ ഒ.ബി.സി (OBC) വിഭാഗത്തിൽപ്പെട്ട ആളുമായിരിക്കണം എന്നതാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം.
പ്രധാന യോഗ്യതകളും നിബന്ധനകളും:
-
ആദ്യ വിവാഹം: വിവാഹം രണ്ട് പേരുടെയും ആദ്യ വിവാഹമായിരിക്കണം (രണ്ടാം വിവാഹങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല).
-
നിയമപരമായ രജിസ്ട്രേഷൻ: 1955-ലെ ഹിന്ദു വിവാഹ നിയമം അല്ലെങ്കിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിരിക്കണം.
-
സമയപരിധി: വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഒരു വർഷത്തിന് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല.
സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വേർതിരിവുകളും അയിത്തവും പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്.
ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാന സർക്കാരുകളും ഇതിന് പുറമെ സ്വന്തമായി മിശ്രവിവാഹ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്കനുസരിച്ച് ധനസഹായ തുകയിൽ വ്യത്യാസമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ദമ്പതികൾക്ക് അതത് സംസ്ഥാനത്തെ സാമൂഹിക ക്ഷേമ വകുപ്പ് വഴിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കാവുന്നതാണ്.
