കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള ഇന്നത്തെ തിരച്ചിൽ ഇന്ത്യൻ നാവികസേന പൂർത്തിയാക്കി താൽക്കാലികമായി അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നാവികസേനയുടെ കൽപേനി കപ്പൽ, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച സംയുക്ത പരിശോധനയാണ് വൈകുന്നേരത്തോടെ നിർത്തിവെച്ചത്.
ഉച്ചയ്ക്ക് ശേഷം നേവിയുടെ പ്രത്യേക സ്കൂബ ടീമും മേഖലയിൽ തിരിച്ചിൽ നടത്തിയെങ്കിലും കാണാതായ ഗൗതം കൃഷ്ണനെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ നാവികസേനയുടെ ഹെലികോപ്റ്റർ ഉൾപ്പെടെ എത്തിച്ച് തെരച്ചിൽ കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നാളെ നടക്കാനിരിക്കുന്ന വിപുലമായ പരിശോധനയിൽ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ. എന്നാൽ സംഭവത്തിൽ ഇതുവരെ ഫിഷറീസ് വകുപ്പ് മന്ത്രി ബന്ധപ്പെട്ടിട്ടില്ലെന്ന് അമ്മ നിരാശയോടെ പറഞ്ഞു. വിഷയത്തിൽ ഇടപെടൽ നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം, ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഷയം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ സാധ്യതയുള്ള എല്ലാ രീതിയിലുമുള്ള പരിശോധനകളും തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
