തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ കെ.എസ്.ആർ.ടി.സി ബസുകളിൽ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നടപടികളുമായി അധികൃതർ. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1000 കെ.എസ്.ആർ.ടി.സി ബസുകളിൽ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തും. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് കൺട്രോൾ റൂമുമായും സുരക്ഷാ ഏജൻസികളുമായും ഉടനടി ബന്ധപ്പെടാൻ സഹായിക്കുന്നതാണ് ഈ ‘വെഹിക്കിൾ ട്രാക്കിംഗ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം’ (VTMS).
ഇതിനായി പൂർണ്ണമായും AIS-140 നിലവാരമുള്ള ട്രാക്കിംഗ് ഉപകരണങ്ങളാണ് ബസുകളിൽ സ്ഥാപിക്കുന്നത്. സാറ്റലൈറ്റ് ട്രാക്കിംഗ് വഴി ഉൾനാടൻ ഗ്രാമീണ സർവീസുകളിൽ ഓടുന്ന ബസുകളുടെ പോലും കൃത്യമായ സ്ഥാനവും വേഗതയും തത്സമയം നിരീക്ഷിക്കാൻ സാധിക്കും. ബസിനുള്ളിലെ തൂണുകളിൽ രണ്ട് മീറ്റർ ഇടവിട്ടും, സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന ഓരോ സീറ്റിന്റെ നിരയിലും പാനിക് ബട്ടണുകൾ സ്ഥാപിക്കും. കൂടാതെ ഡ്രൈവറുടെ സീറ്റിന് സമീപം പ്രത്യേക അലർട്ട് ബട്ടണും ഉണ്ടായിരിക്കും. ഇരുട്ടിലും യാത്രക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകുന്നതിനായി ബട്ടണുകളിൽ എൽഇഡി ഇൻഡിക്കേറ്ററുകളും നൽകും.
യാത്രക്കാർ പാനിക് ബട്ടൺ അമർത്തിയാൽ മോട്ടോർ വാഹന വകുപ്പിന്റെ ‘സുരക്ഷാ മിത്ര’ പോർട്ടലിലേക്കും കെ.എസ്.ആർ.ടി.സിയുടെ ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കും ഒരേസമയം അടിയന്തര സന്ദേശം എത്തും. ബസിനുള്ളിലെ ട്രാക്കർ വഴി ഓരോ അഞ്ച് സെക്കൻഡിലും ബസിന്റെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി കൺട്രോൾ സെന്ററിലേക്ക് കൈമാറും. ഇതിലൂടെ ബസിന്റെ വേഗതയും യാത്രാ ദിശയും നിരീക്ഷിക്കാനും, കണ്ടക്ടറുമായി നേരിട്ട് ബന്ധപ്പെടാനും, അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ സഹായസംഘത്തെയോ പകരം ഗതാഗത സൗകര്യമോ എത്തിക്കാനും ഉദ്യോഗസ്ഥർക്ക് സാധിക്കും.
