നീറ്റ് പരീക്ഷാ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരങ്ങളെയും അതിൽ പങ്കാളികളാകുന്നവരെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സമരരംഗത്തുള്ളത് യഥാർത്ഥ വിദ്യാർത്ഥികളല്ലെന്നും, ഇതിന് പിന്നിൽ വിദേശ ഫണ്ടിംഗും ഇന്ത്യയ്ക്കെതിരെയുള്ള ഗൂഢാലോചനയുമാണെന്ന് മേജർ രവി ആരോപിച്ചു.
സമരത്തിന് തുടക്കമിട്ടത് യു.എസിൽ നിന്നാണെന്നും ജോർജ്ജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ സഹായമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ അതേ രീതി ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. സമാധാനപരമായി നന്നായി വളർത്തിയെടുത്ത കുട്ടികളാരും ഇത്തരം സമരങ്ങൾക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധ മുദ്രാവാക്യങ്ങൾക്കെതിരെ വിമർശനം
“സമരത്തിൽ പങ്കെടുക്കുന്ന വലിയൊരു വിഭാഗത്തിനും സി.ബി.എസ്.ഇയുടെയോ നീറ്റിന്റെയോ പൂർണ്ണരൂപം പോലും അറിയില്ല. അവിടെ ഉയരുന്നത് നീറ്റ് വിഷയങ്ങളേക്കാൾ ഉപരി ‘മോദിയെ പുറത്താക്കുക’, ‘ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’ തുടങ്ങിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. മുൻപ് കോൺഗ്രസ് ഭരണകാലത്തും ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. വിദേശ ശക്തികളിൽ നിന്ന് പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കുന്ന പണി അവസാനിപ്പിക്കണം,” – മേജർ രവി പറഞ്ഞു.
പോലീസിനെ ആക്രമിക്കുകയും പെപ്പർ സ്പ്രേ അടിക്കുകയും ചെയ്താൽ സ്വാഭാവികമായും തിരിച്ചടി കിട്ടുമെന്നും, പാർലമെന്റ് ആക്രമിക്കാൻ പോകുന്ന രീതിയിലാണ് സമരക്കാരുടെ പെരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
മോഹൻലാലിന്റെ മകൾ വിസ്മയയുടെ പോസ്റ്റിനെക്കുറിച്ച്
നീറ്റ് സമരക്കാരെ പോലീസ് മർദ്ദിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെയും മേജർ രവി ലൈവിൽ പരാമർശിച്ചു. വിസ്മയയ്ക്ക് ഇതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
“മായ (വിസ്മയ) എന്ന് പറയുന്ന കുട്ടിയെ അവൾ ജനിച്ച അന്ന് തൊട്ട് എനിക്ക് അറിയാവുന്നതാണ്. മൃഗസ്നേഹവും നന്മയുമുള്ള മനസ്സാണ് അവളുടേത്. ഡൽഹിയിൽ കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി പോസ്റ്റിട്ടു എന്നല്ലാതെ അതിന് പിന്നിലെ വിദേശ ഫണ്ടിംഗിനെക്കുറിച്ചോ രാഷ്ട്രീയ കളികളെക്കുറിച്ചോ അവൾക്കറിയില്ല. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ അവൾക്കത് പെട്ടെന്ന് മനസ്സിലാകും,” മേജർ രവി വ്യക്തമാക്കി.
