ആഗോള ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവർക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് (ജൂലൈ 11) ലോക ജനസംഖ്യാ ദിനം. നിലവിലെ ആഗോള കണക്കുകൾ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. ഇതിൽ 140 കോടിയിലധികം ജനങ്ങൾ വസിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്.
വിദ്യാഭ്യാസം, ലിംഗസമത്വം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ ദിനം മുന്നോട്ടുവെക്കുന്നത്.
വളർച്ചയും ഒപ്പം വെല്ലുവിളികളും
ജനസംഖ്യാ വർധനവ് ലോകത്തിന് ചില പുരോഗതികൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും, ഒപ്പം വലിയ വെല്ലുവിളികളും ഉയർത്തുന്നുണ്ട്.
-
പ്രാഥമിക ആവശ്യങ്ങളിലെ പ്രതിസന്ധി: ജീവിതനിലവാരത്തിലുണ്ടായ പുരോഗതി മനുഷ്യന്റെ ആയുർദൈർഘ്യം വർധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പോലും പല രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി നേരിടുന്നു.
-
ദാരിദ്ര്യവും അസമത്വവും: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യങ്ങൾക്ക് സാധിക്കാതെ വരുമ്പോൾ അവിടെ ദാരിദ്ര്യവും സാമൂഹിക അസമത്വവും വൻതോതിൽ വർധിക്കുന്നു. എല്ലാ മനുഷ്യർക്കും തുല്യത ഉറപ്പാക്കുക എന്നത് തന്നെയാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശം.
ചരിത്രം
1987 ജൂലൈ 11-നാണ് ലോക ജനസംഖ്യ 500 കോടിയിൽ (5 Billion) എത്തിയത്. ഈ കണക്കെടുപ്പിന്റെ പശ്ചാത്തലത്തിലാണ്, ജനസംഖ്യാ വളർച്ചയുടെ പ്രാധാന്യവും ആഘാതവും മനസ്സിലാക്കി 1989-ൽ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ (UNDP) ഗവേണിംഗ് കൗൺസിൽ ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
